വിദ്യാലയത്തെ കാലത്തിനനുസരണമായി മുന്നോട്ട് കൊണ്ടു പോകുവാൻ നിയോഗിക്കപ്പെട്ട പ്രഥമാധ്യാപകൻ


ടി. അനി എന്ന പ്രഥമാധ്യാപകന്റെ സ്ഥലം മാറ്റം അക്ഷരാർഥത്തിൽ അയിലം സ്കൂളിനെ സ്നേഹിക്കുന്നവർക്കെല്ലാം വല്ലാത്ത വിഷമം സമ്മാനിച്ച വാർത്തയാണ്. മാതൃകാ വിദ്യാലയമായി സ്കൂളിനെ ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച മധു എന്ന പ്രഥമാധ്യാപകന് ശേഷം അല്പമൊന്ന് പിന്നാക്കം പോയ വിദ്യാലയത്തെ കാലത്തിനനുസരണമായി മുന്നോട്ട് കൊണ്ടു പോകുവാൻ നിയോഗിക്കപ്പെട്ട പ്രഥമാധ്യാപകൻ എന്ന നിലയിലാണ് അനിൽ സാറിനെ നാട്ടുകാർ കണ്ടത്. അദ്ദേഹത്തിന്റെ ദീർഘവീക്ഷണക്ഷമമായ പ്രവർത്തനങ്ങൾ നാട്ടുകാരുടെ വിശ്വാസത്തെ ബലപ്പെടുത്തി.

ഹൈസ്കൂൾ നിലവാരത്തിലേക്ക്  ഉയർന്ന വിദ്യാലയത്തിന് പത്താം ക്ലാസ് പൊതു പരീക്ഷയിൽ  തുടർച്ചയായി മൂന്ന് വർഷങ്ങളിൽ സമ്പൂർണ വിജയം നേടാനായതിന് പിന്നിലെ ചാലകശക്തിയും അനിൽ സാറായിരുന്നു.. പഠനത്തിൽ പിന്നാക്കമായിരുന്ന വിദ്യാർഥികളെ ജേതാക്കളാക്കി മാറ്റാൻ  സാർ പി.ടി.എ യുടെയും നാട്ടുകാരുടേയും സഹകരണത്തോടെ സ്കൂളിൽ പ്രത്യേകം ക്ലാസുകൾ സജ്ജമാക്കി. എല്ലാവരേയും ഏകോപിപ്പിച്ചു കൊണ്ട് നവ ആശയങ്ങൾ ഫലപ്രദമായി നടപ്പിൽ വരുത്തി.

തന്റെ മുന്നിലെത്തുന്ന ആളുകളോട് വലിപ്പച്ചെറുപ്പമില്ലാതെ പെരുമാറാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. കുട്ടികൾക്കെല്ലാം പ്രിയങ്കരനായിരുന്നു സാർ.  തെറ്റുകുറ്റങ്ങളെ ഒരു പിതാവിന്റെ സ്നേഹവാത്സല്യത്തോടെയാണ്  തിരുത്തിയത്. സ്കൂളിന്റെ ശക്തമായ പുരോഗതിക്ക് ഊന്നൽ നല്കിക്കൊണ്ടുള്ള ആശയങ്ങളെ പ്രണയിക്കുന്ന വ്യക്തിയാണദ്ദേഹം. ആർക്കും അപ്രീതി തോന്നാൻ ഇടയാക്കാതെ കാര്യങ്ങൾ അവതരിപ്പിക്കാൻ അസാമാന്യ മനോവൈദഗ്ധ്യം അനിൽ സാറിനുണ്ടായിരുന്നു. 

നല്ലോർമകൾ വിദ്യാലയത്തിനും നാടിനും പകർന്നു കൊണ്ടാണ് മറ്റൊരു വിദ്യാലയത്തിന് മുതൽക്കൂട്ടാകാൻ സാർ യാത്രയ്ക്കൊരുങ്ങുന്നത്. ഹെഡ്മാസ്റ്ററിൽ നിന്ന് ഹയർ സെക്കന്ററി പ്രിൻസിപ്പാളായി സ്ഥാനക്കയറ്റം. അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് ലഭിച്ച അർഹമായ അംഗീകാരം. അത്തരത്തിൽ ചിന്തിക്കുമ്പോൾ നിറഞ്ഞ സന്തോഷം.

പക്ഷേ, അയിലം സ്കൂളിൽ നിന്ന് അനിൽ സാറിന്റെ പടിയിറക്കം നിനയ്ക്കുമ്പോൾ നീറുന്ന നിരാശ. സാറുണ്ടായിരുന്നെങ്കിൽ അയിലം സ്കൂളിന്റെ നല്ല നാളെകൾക്ക് അധികം കാത്തിരിക്കേണ്ടി വരില്ലായിരുന്നു.

:: ഉണ്ണിക്കൃഷ്ണൻ

മാതൃഭൂമി- ബ്രദേഴ്സ് ട്യൂഷൻ സെന്റർ മധുരം മലയാളത്തിന് അയിലം സ്കൂളിൽ ഗംഭീര തുടക്കം

മാതൃഭൂമി- ബ്രദേഴ്സ് ട്യൂഷൻ സെന്റർ മധുരം മലയാളത്തിന് അയിലം സ്കൂളിൽ ഗംഭീര തുടക്കം.

പി.ടി.എ പ്രസിഡന്റ് ആർ.ശ്രീകുമാറിന്റെ അധ്യക്ഷതയിൽ
ഇന്ന് രാവിലെ 10 മണിക്ക് സ്കൂളിൽ ചേർന്ന യോഗത്തിൽ ബ്രദേഴ്സ് രക്ഷാധികാരി വി.തുളസീധരൻ നായർ വിദ്യാർഥി പ്രതിനിധി അഭിരാമിക്ക് പത്രം നല്കി ഉദ്ഘാടനം നിർവഹിച്ചു.

മാതൃഭൂമി ലേഖകൻ ബിനു വേലായുധൻ മധുരം മലയാളം പദ്ധതി വിശദീകരണം നടത്തി. സ്കൂൾ പ്രഥമാധ്യാപകൻ ടി. അനിൽ സ്വാഗത പ്രസംഗം നിർവഹിച്ചു.സ്കൂളിലെ പൂർവ വിദ്യാർഥികൾ എന്ന നിലയിൽ ബ്രദേഴ്സ് ട്യൂഷൻ സെന്ററിലെ അധ്യാപക കൂട്ടായ്മയാണ് പദ്ധതി നടത്തിപ്പിനാവശ്യമായ തുക സംഭാവന ചെയ്തത്.

ബ്രദേഴ്സിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ചു നടത്തി വരുന്ന വിവിധ കർമ്മ പരിപാടികളിൽ ഉൾപ്പെടുത്തിയാണ് പ്രസ്തുത പദ്ധതി ആസൂത്രണം ചെയ്തത്. മാതൃഭൂമിയുമായി ചേർന്ന്  വരും നാളുകളിൽ വൈവിധ്യമാർന്ന പരിപാടികൾ സ്കൂളിൽ ബ്രദേഴ്സ് സംഘടിപ്പിക്കും.

ചsങ്ങിൽ സ്കൂൾ അധ്യാപകരായ സതീഷ് കുമാർ, ജോയ്, ബിന്ദു മദർ പി.ടി.എ പ്രസിഡന്റ് നിഷ അജയ് എസ്.ദാസ് തുടങ്ങിയവരും ബ്രദേഴ്സിനെ പ്രതിനിധീകരിച്ച് പ്രവീൺ രാജ്, അരുൺ,ശരത്, ചന്തു ലാൽ, ആദർശ്, സതീഷ്, വിഷ്ണു, ബിനു, ശ്രീഹരി തുടങ്ങിയവരും സംസാരിച്ചു.

പ്രതിഭാ സംഗമം

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിൽ നിന്ന്......

2018 മാർച്ചിലെ SSLC പരീക്ഷയിൽ 100 % വിജയം കൈവരിച്ച അയിലം ഗവ.ഹൈസ്കൂളിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഏർപ്പെടുത്തിയ പ്രത്യേക ഉപഹാരം ബഹു.ദേവസ്വം - ടൂറിസം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ സ മ്മാനിക്കുന്നു.

2018 മാർച്ചിലെ SSLC പരീക്ഷയിൽ 100 % വിജയം കൈവരിച്ച അയിലം ഗവ.ഹൈസ്കൂളിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഏർപ്പെടുത്തിയ പ്രത്യേക ഉപഹാരം ബഹു.ദേവസ്വം - ടൂറിസം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ സ മ്മാനിക്കുന്നു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രതിഭാ സംഗമം

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രതിഭാസംഗമത്തിൽ ആദരിക്കപ്പെട്ട വിദ്യാർത്ഥികൾ,

HM ശ്രീ അനിൽ സാറിനോടും വിജയശില്പി ശ്രീ രാജേന്ദ്രൻ സാറിനോടുമൊപ്പം

പച്ചക്കറി വിത്ത് വിതരണം




 

 

 

 

 

 

 

 

 

 

 


ജീവനും ജീവിതവും പ്രകൃതി തന്നെ എന്ന സന്ദേശ പാഠം ഉൾക്കൊണ്ട് അയിലം ഗവ: എച്ച്.എസിലെ വിദ്യാർത്ഥികൾ സ്വന്തം ഗ്രാമത്തെ ഹരിതാഭമാക്കാൻ ഒരുങ്ങുന്നു.

ജീവനും ജീവിതവും പ്രകൃതി തന്നെ എന്ന സന്ദേശ പാഠം ഉൾക്കൊണ്ട് അയിലം ഗവ: എച്ച്.എസിലെ വിദ്യാർത്ഥികൾ സ്വന്തം ഗ്രാമത്തെ ഹരിതാഭമാക്കാൻ ഒരുങ്ങുന്നു.
ജൂൺ 5 ന്  മുദാക്കൽ ഗ്രാമപ്പഞ്ചായത്തും കൃഷിഭവനും സംയുക്തമായി വിദ്യാലയത്തിൽ നടത്തിയ പരിസ്ഥിതി സംരക്ഷണ മുഖാമുഖം പരിപാടിയ്ക്കു ശേഷം നടന്ന വൃക്ഷതൈ, പച്ചക്കറിവിതരണോദ്ഘാടന വേദിയിൽ വിദ്യാർഥിക്കൂട്ടം മുന്നോട്ടുവച്ച ആഗ്രഹവും ആശയവും പ്രഥമാധ്യാപകൻ ടി അനിൽ, പഞ്ചായത്ത് പ്രസിഡന്റ് ആർ. എസ്. വിജയകുമാരി, കൃഷിഭവൻ ഓഫീസർ നൗഷാദ് എന്നിവരെ അറിയിക്കുകയായിരുന്നു. 

നന്മമരം 2018 എന്ന പേരു നല്കി വിദ്യാർത്ഥികൾ നടപ്പിലാക്കുന്ന പദ്ധതിയ്ക്ക്  പ്രോത്സാഹനവും എല്ലാ വിധ പിന്തുണയും നല്കുമെന്ന് പഞ്ചായത്ത്പ്രസിഡന്റും കൃഷിഭവൻ ഓഫീസറും ഏകസ്വരത്തിൽ അറിയിച്ചു. 

ആയിരം വൃക്ഷത്തൈകൾ വിദ്യാലയത്തിന്റെ പേരിൽ നന്മമരം പദ്ധതിക്ക് ലഭിക്കും. അധ്യാപകരുടേയും നാട്ടുകാരുടേയും സഹകരണത്തോടെ ഘട്ടം ഘട്ടമായി ഗ്രാമം മുഴുവൻ വൃക്ഷ തൈകൾ നട്ടുപിടിക്കുക  എന്നതാണ് ലക്ഷ്യം. ചെടികളുടെ പരിപാലനച്ചുമതല അതതു മേഖലയിൽ തിരഞ്ഞെടുക്കുന്ന വ്യക്തികൾക്കായിരിക്കും. കൃത്യമായ നിരീക്ഷണത്തിന് വിദ്യാർഥികൾ ഭാഗമായുള്ള ഒരു മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും.

മരങ്ങളുടെ വ്യാപനത്തിലൂടെ പ്രാണവായു നിലനിർത്താനും തണലിടങ്ങൾ ഒരുക്കാനും
പൂക്കളുടേയും ഫലങ്ങളുടേയും സമൃദ്ധിയിലൂടെ ഇന്നലെകളിലെ ഗ്രാമ നന്മ മടക്കിക്കൊണ്ടുവരാനുമുള്ള കുട്ടികളുടെ പരിശ്രമങ്ങൾ ലക്ഷ്യത്തിലെത്തുവാൻ ഏവരും സഹകരിക്കുക. 

പിണങ്ങിപ്പോയ പക്ഷികളും അണ്ണാറക്കണ്ണന്മാരുമൊക്കെ മടങ്ങി വരട്ടേ.
അവർ കൂടൊരുക്കട്ടേ..
ഭൂമിയുടെ അവകാശികളാണവർ.

....... ഒരു പൂർവ്വ വിദ്യാർത്ഥി (അയിലംHS)


Photos By : Sunil, Kavil 

തലമുതിർന്ന തലയെടുപ്പിന് മുന്നിൽ എല്ലാവരും കുട്ടികളായി. നല്ലപാഠം പകർന്ന് അയിലം ഗവ: എച്ച്.എസ് പ്രവേശനോത്സവം.


ഗ്രാമീണ ഹരിതഗൃഹാതുരതയുടെ സൗന്ദര്യവും ബാല്യത്തിന്റെ മധുരമായ ഓർമകളും ചേർത്ത്  നാളെയുടെ വാഗ്ദാനങ്ങളായ അക്ഷര കുരുന്നുകളെ വിദ്യാലയം സ്വാഗതം ചെയ്തു.
പുതുവസ്ത്രങ്ങൾ അണിഞ്ഞ് മാതാപിതാക്കളുടെ കൈകൾ പിടിച്ച് അക്ഷരമുറ്റത്തെത്തിയ കുരുന്നുകൾ സന്തോഷത്തിലായിരുന്നു. കുഞ്ഞുമിഴികളേയും മനസിനേയും ആകർഷിക്കുന്ന കാഴ്ചകളാണ് വിദ്യാലയം ഒരുക്കിയത്. പ്രഥമാധ്യാപകൻ ടി. അനിൽ മറ്റ് അധ്യാപകർ പി.ടി.എ .പ്രസിഡന്റ് ആർ. ശ്രീകുമാർ തുടങ്ങിയവർ കഴിഞ്ഞ ദിവസം തുടങ്ങി വച്ച മുന്നൊരുക്കങ്ങളെ പൂർവവിദ്യാർഥികളും നാട്ടുകാരും ഏറ്റെടുത്ത് പൂർണതയിൽ എത്തിക്കുകയായിരുന്നു. പ്ലാസ്റ്റിക് വസ്തുക്കളെ പൂർണമായും മാറ്റി നിർത്തി പ്രകൃതിയോട് ചേർന്ന് നിന്നു കൊണ്ടുള്ള അലങ്കാരങ്ങളാണ് പ്രവേശനോത്സവത്തിനായി തയ്യാറാക്കിയത്.
ഓലമെടഞ്ഞ് അതിലാണ്  'അക്ഷര കുരുന്നുകൾക്ക് സ്നേഹപൂർവം' കുറിച്ചത്. 

വിദ്യാലയ അങ്കണത്തിലെ പ്രധാനവേദിയുടെ ഇരുവശവും മൺകലം പേറിയ ഉറികൾ പഴയ കാലത്തിന്റെ അടുക്കള പെരുമ വിളിച്ചോതി കാറ്റിലാടിക്കളിച്ചു. ഒരു നിമിഷം  പഴയ കാലത്തിന്റെ നനുത്ത ഓർമകളിലേക്ക് ഒരു വിരുന്നു പോക്ക്..

നൂറ്റാണ്ടുകൾക്കപ്പുറം നീളുന്ന സുവ്യക്തമായ ചരിത്രത്തിന്റെ അവകാശിയായ വിദ്യാലയത്തിന് മുന്നിൽ എല്ലാവരും കുട്ടികളുടെ കൗതുകത്തോടെ അണിനിരന്നു. എട്ടാം ക്ലാസ് വിദ്യാർഥിനി ദേവിക എസ്.പി വിദ്യാലയ പഴമയെ അനുസ്മരിപ്പിച്ച് അക്ഷരമുത്തശ്ശിയായി അരങ്ങിലെത്തിയപ്പോൾ അത് ധന്യമായ ഒരു ചരിത്രത്തിന്റെ പ്രതീകാത്മക ദൃശ്യമായി. ക്ഷണിക്കപ്പെട്ട അതിഥികളെ അക്ഷരമുത്തശ്ശി പ്ലാവിലതൊപ്പിയണിയിച്ചു. പിന്നെ ഓലപ്പന്തും മധുരനെല്ലിക്കയും സമ്മാനിച്ചു. 

അതിനു ശേഷം ഓലയിൽ രൂപപ്പെടുത്തിയ കിളികളും നെല്ലിക്കയുമായി മുത്തശ്ശി കുരുന്നുകൾക്കരികിലേക്ക്. 

മുൻവരിപ്പല്ലുകൾ കൊഴിഞ്ഞ മോണകാട്ടി ചിരിച്ച്കൊണ്ട് മുത്തശ്ശി കുഞ്ഞുകരങ്ങളിലേക്ക് അവ വച്ചു കൊടുക്കുമ്പോൾ അവരുടെ മുഖത്ത് തെളിഞ്ഞ നിഷ്കളങ്കതയുടെ പ്രകാശം മഴമേഘത്തേയും മാറ്റി നിർത്തി. 

കുരുത്തോലകൾ വലയം തീർത്ത വാഴത്തട വിളക്കിൽ ദീപം തെളിച്ചു കൊണ്ടാണ് പ്രവേശനോത്സവ ആഘോഷ സമ്മേളനത്തിന് തുടക്കമിട്ടത്. മുദാക്കൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.മുരളി. ബ്ലോക്ക് പഞ്ചായത്തംഗം സിന്ധുകുമാരി എന്നിവർ ചേർന്ന് ആദിനാളം കൊളുത്തി. പ്രഥമാധ്യാപകൻ, പി.ടി.എ. പ്രസിഡന്റ്, അധ്യാപകർ, രക്ഷാകർത്താക്കൾ, വിദ്യാർഥികൾ തുടങ്ങിയവർ മൺചെരാതുകളിൽ അക്ഷരദീപം തെളിച്ചു. 

വിദ്യാഭ്യാസ മന്ത്രിയുടെ പ്രവേശനോത്സവ സന്ദേശം പ്രഥമാധ്യാപകൻ വേദിയിൽ വായിച്ചു. പ്രവേശനോത്സവഗാനവും വിദ്യാഭ്യാസ യജ്ഞഗാനവും  സമ്മേളനഭാഗമായി ഉൾപ്പെടുത്തിയിരുന്നു.
ബഹുമുഖ പ്രതിഭ അനിൽ വെഞ്ഞാറമൂട്  മുഖ്യ പ്രഭാഷണം നടത്തി. അദ്ദേഹത്തിന്റെ സരസമായ  പ്രഭാഷണശൈലിയും സംഭാഷണ  മധ്യേ അവതരിപ്പിച്ച കവിതാ ശകലങ്ങളും പ്രവേശനോത്സവത്തിന് കൂടുതൽ അർഥശോഭ പകർന്നു.

അമ്മ, അറിവ്, ആനന്ദം  എന്നതായിരുന്നു അയിലം ഗവ.എച്ച്.എസിലെ പ്രവേശനോത്സവ സമ്മേളനവേദിയുടെ പ്രധാന സന്ദേശ മൊഴികൾ. കല്ലു സ്ലേറ്റുകളിൽ ചോക്ക് കൊണ്ട് പ്രസ്തുത വാക്കുകൾ എഴുതി വേദിയുടെ പ്രധാന കോണിൽ സ്ഥാപിച്ചിരുന്നു. നവാഗതരായ കുരുന്നുകളെ അക്ഷരമാല ചാർത്തി അനുമോദിച്ചു. അവർക്കുള്ള പഠനോപാധികളും ചടങ്ങിൽ വിതരണം ചെയ്തു.

വേണുനായർ, രാജാമണി, നിഷ, ബിന്ദു തുടങ്ങിയവർ സംസാരിച്ചു. സമ്മേളനാനന്തരം കുട്ടികൾക്ക് മധുര പലഹാര വിതരണം നടത്തി. പ്രവേശനോത്സവത്തിൽ പങ്കെടുത്ത എല്ലാവർക്കും   വിദ്യാലയത്തിൽ ഉച്ചഭക്ഷണവും പായസവും ഒരുക്കിയിരുന്നു.

.......... ശ്രീരാജ്, അയിലം

പ്രവേശനോത്സവം 2018-19


Photos by Sreeraj Ayilam