ജീവനും ജീവിതവും പ്രകൃതി തന്നെ എന്ന സന്ദേശ പാഠം ഉൾക്കൊണ്ട് അയിലം ഗവ: എച്ച്.എസിലെ വിദ്യാർത്ഥികൾ സ്വന്തം ഗ്രാമത്തെ ഹരിതാഭമാക്കാൻ ഒരുങ്ങുന്നു.

ജീവനും ജീവിതവും പ്രകൃതി തന്നെ എന്ന സന്ദേശ പാഠം ഉൾക്കൊണ്ട് അയിലം ഗവ: എച്ച്.എസിലെ വിദ്യാർത്ഥികൾ സ്വന്തം ഗ്രാമത്തെ ഹരിതാഭമാക്കാൻ ഒരുങ്ങുന്നു.
ജൂൺ 5 ന്  മുദാക്കൽ ഗ്രാമപ്പഞ്ചായത്തും കൃഷിഭവനും സംയുക്തമായി വിദ്യാലയത്തിൽ നടത്തിയ പരിസ്ഥിതി സംരക്ഷണ മുഖാമുഖം പരിപാടിയ്ക്കു ശേഷം നടന്ന വൃക്ഷതൈ, പച്ചക്കറിവിതരണോദ്ഘാടന വേദിയിൽ വിദ്യാർഥിക്കൂട്ടം മുന്നോട്ടുവച്ച ആഗ്രഹവും ആശയവും പ്രഥമാധ്യാപകൻ ടി അനിൽ, പഞ്ചായത്ത് പ്രസിഡന്റ് ആർ. എസ്. വിജയകുമാരി, കൃഷിഭവൻ ഓഫീസർ നൗഷാദ് എന്നിവരെ അറിയിക്കുകയായിരുന്നു. 

നന്മമരം 2018 എന്ന പേരു നല്കി വിദ്യാർത്ഥികൾ നടപ്പിലാക്കുന്ന പദ്ധതിയ്ക്ക്  പ്രോത്സാഹനവും എല്ലാ വിധ പിന്തുണയും നല്കുമെന്ന് പഞ്ചായത്ത്പ്രസിഡന്റും കൃഷിഭവൻ ഓഫീസറും ഏകസ്വരത്തിൽ അറിയിച്ചു. 

ആയിരം വൃക്ഷത്തൈകൾ വിദ്യാലയത്തിന്റെ പേരിൽ നന്മമരം പദ്ധതിക്ക് ലഭിക്കും. അധ്യാപകരുടേയും നാട്ടുകാരുടേയും സഹകരണത്തോടെ ഘട്ടം ഘട്ടമായി ഗ്രാമം മുഴുവൻ വൃക്ഷ തൈകൾ നട്ടുപിടിക്കുക  എന്നതാണ് ലക്ഷ്യം. ചെടികളുടെ പരിപാലനച്ചുമതല അതതു മേഖലയിൽ തിരഞ്ഞെടുക്കുന്ന വ്യക്തികൾക്കായിരിക്കും. കൃത്യമായ നിരീക്ഷണത്തിന് വിദ്യാർഥികൾ ഭാഗമായുള്ള ഒരു മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും.

മരങ്ങളുടെ വ്യാപനത്തിലൂടെ പ്രാണവായു നിലനിർത്താനും തണലിടങ്ങൾ ഒരുക്കാനും
പൂക്കളുടേയും ഫലങ്ങളുടേയും സമൃദ്ധിയിലൂടെ ഇന്നലെകളിലെ ഗ്രാമ നന്മ മടക്കിക്കൊണ്ടുവരാനുമുള്ള കുട്ടികളുടെ പരിശ്രമങ്ങൾ ലക്ഷ്യത്തിലെത്തുവാൻ ഏവരും സഹകരിക്കുക. 

പിണങ്ങിപ്പോയ പക്ഷികളും അണ്ണാറക്കണ്ണന്മാരുമൊക്കെ മടങ്ങി വരട്ടേ.
അവർ കൂടൊരുക്കട്ടേ..
ഭൂമിയുടെ അവകാശികളാണവർ.

....... ഒരു പൂർവ്വ വിദ്യാർത്ഥി (അയിലംHS)


Photos By : Sunil, Kavil